03:11am 29 October 2026
NEWS
ചാവേറുകളായത് രണ്ട് യുവതികൾ; ചിത്രങ്ങൾ പുറത്തുവിട്ട് ബിഎൽഎ
02/02/2026  01:15 PM IST
nila
ചാവേറുകളായത് രണ്ട് യുവതികൾ; ചിത്രങ്ങൾ പുറത്തുവിട്ട് ബിഎൽഎ

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ ചാവേർ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തി  ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). രണ്ട് വനിതാ ചാവേറുകളാണ് ആക്രമണം നടത്തിയതെന്നും സംഘടന വ്യക്തമാക്കി. ചാവേറുകളുടെ ചിത്രങ്ങളും ബിഎൽഎ പുറത്തുവിട്ടു. ഇവരിലൊരാൾ ഇരുപത്തിനാലുകാരിയായ ആസിഫ മെംഗാൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.  

ശനിയാഴ്‌ച നുഷ്‌കിയിലെ ഐഎസ്‌ഐ ആസ്ഥാനത്ത് ആക്രമണം നടത്തിയത് ആസിഫയായിരുന്നു. ബലൂചിസ്ഥാനിലെ നുഷ്കി സ്വദേശിനിയാണ് ആസിഫ. തന്റെ ഇരുപത്തൊന്നാം വയസിലാണ് യുവതി ബിഎൽഎയിൽ ചേർന്നത് എന്നാണ് സ്വന്തം താത്പര്യത്തിൽ ആണ് ഇവർ ബിഎൽഎയുടെ ചാവേർ ആയതെന്നാണ് റിപ്പോർട്ട്. അതേസമയം, ചാവേറായ രണ്ടാമത്തെ  സ്ത്രീ ആരെന്ന് ഇനിയും വ്യക്തമല്ല. 

 ശനിയാഴ്ചയാണ് 'ഓപ്പറേഷൻ ഹെറോഫ് 2 " എന്ന പേരിൽ സുരക്ഷാ സേനയ്‌ക്കെതിരെ ബലൂച് വിമതർ അക്രമം അഴിച്ചുവിട്ടത്. ആക്രമണത്തിൽ അമ്പതിലേറെ സൈനികരും പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി പാകിസ്ഥാൻ സുരക്ഷാ സേന 40 മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിൽ ഇതുവരെ 140 ലധികം തീവ്രവാദികളെ വധിച്ചതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി പറഞ്ഞു. രണ്ട് ആക്രമണങ്ങളിൽ സ്ത്രീകളായിരുന്നു കുറ്റവാളികൾ എന്നും വിഘടനവാദികൾ സാധാരണക്കാരെയും തൊഴിലാളികളെയും താഴ്ന്ന വരുമാനക്കാരെയും ലക്ഷ്യമിടുന്നത് വർധിച്ചു വരികയാണെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.

ബലൂചിസ്ഥാനിൽ പ്രവർത്തിക്കുന്ന നിരവധി വിഘടനവാദി സംഘടനകളിൽ ഒന്നാണ് ബലൂച് ലിബറേഷൻ ആർമി. രാഷ്ട്രീയ സ്വയംഭരണം, വിഭവ നിയന്ത്രണം, വികസനം എന്നിവ സംബന്ധിച്ച പരാതികൾ കാരണം പതിറ്റാണ്ടുകളായി കലാപം നടക്കുന്ന ഒരു പ്രവിശ്യയാണിത്. പാകിസ്താൻ സുരക്ഷാ സേനകൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്വം മുമ്പും ഇവർ ഏറ്റെടുത്തിട്ടുണ്ട്. പാകിസ്താൻ്റെ ഏറ്റവും വലിയതും ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ളതുമായ പ്രവിശ്യയായ ബലൂചിസ്ഥാൻ, വിഘടനവാദി വിമതരും ഭരണകൂടവും തമ്മിലുള്ള കുറഞ്ഞ തീവ്രതയിലുള്ള സംഘർങ്ങളുടെ വേദിയാണ്. വർഷങ്ങളായി അക്രമത്തിൻ്റെ തീവ്രതയിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ഇടയ്ക്കിടെ നടക്കുന്ന വലിയ ആക്രമണങ്ങളും പ്രത്യാക്രമണ പ്രവർത്തനങ്ങളും ഈ മേഖലയുടെ ചില ഭാഗങ്ങളിൽ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img